/// Please read the English translation of this poem (by Pooja Sagar) on the next page. NWCC are proud to present the Malayalam original as follows:
ഗുരുത്വാകർഷണം
സാവിത്രി രാജീവൻ
ഭൂമിയിലേക്ക്
നിന്നെ ആകർഷിച്ചു നിർത്തുന്നതെന്താണ്?
ഈ ഹരിതാഭ , ഈ കുളിർ കാറ്റ്,
ഈ പുഴ, ഈ നീല രാവ്
എന്നൊന്നും നീ പറയില്ല എന്നെനിക്കറിയാം
എന്തോ ഒന്നുണ്ടായിരുന്നു എന്നും
അതിപ്പോൾ ഇല്ല എന്നും
നീ പറയുന്നത് ഞാൻ കേൾക്കുന്നു
ആ ഉണ്ടായിരുന്നതെന്തോ അത്
ഭൂതകാലത്തിൽ ആണ്ടാണ്ടു പോയി എന്നോ
ആഴത്തിൽ മുങ്ങിത്തപ്പിയോ
പരപ്പിൽ നീന്തിയോ നിനക്കത്
കണ്ടെടുക്കാൻ ആവില്ലെന്നും നീ പറയുന്നുണ്ടല്ലോ.


